പറ എടുക്കാൻ ആന വരുമ്പോൾ ഓടി മുറിയുടെ ഒരു കോണിൽ ഒളിക്കുന്നത് പോലെ, ആരെയോ നഷ്ട്ടപെടും എന്നോർത്ത് സങ്കടം വരുമ്പോൾ രാത്രി പുതപ്പിന്റെ അടിയിൽ മൂടി ഒളിക്കുനതുപോലെ, മഴ വരുമ്പോൾ വഴിവക്കിലെ ഒരു വാർത്ത മേല്ക്കൂരയ്ക്ക് കീഴെ ഒളിക്കുന്നതുപോലെ, ഒറ്റയ്കാകുമ്പോ ഓടി ഒളിക്കാൻ ഉള്ള ഒളിത്താവളങ്ങൾ ആണ് നമുക്ക് ഇഷ്ട്ടമുള്ള ഓരോ ആളും, ഓരോ വിനോദവും. എല്ലാ ഇഷ്ട്ടങ്ങളിലും നാം കണ്ടെത്തുന്നത് നമ്മളെ തന്നെ ഭദ്രമായി ഒളിപിക്കാൻ പറ്റിയ ഒരു ഇടമാണ്. ആ ഇടത്തിൽ ഒതുങ്ങി ഇരികുമ്പോൾ നമുക്ക് ഉണ്ടായിരുന്നു എന്ന് കുറച്ചു മുൻപ് വരെ തോന്നിയ ആ ഭാരം ഇല്ലാതായത് പോലെ ഒരു തൊന്നൽ ഉണ്ടാകും. ആ ഒളിത്താവളത്തിൽ ഇരുന്നുള്ള നമ്മുടെ നോട്ടങ്ങൾ നീളുന്നത് വിശാലമായ മറ്റൊരു ലോകവീക്ഷനതിലെക്കാന്. ആ വീക്ഷണത്തിൽ നമ്മുക്ക് ചിറകുകൾ മുളയ്ക്കുന്നതായി അനുഭവപെടും,നമുക്ക് മുന്നിലെ സീമകൾ മെല്ലെ ഇല്ലാതെയാകും. ആ ഒളിത്താവളത്തിന്റെ ർത്ത ഒരു ചൂടിൽ നമ്മുക്ക് നമ്മളെ തന്നെ ഉയർത് എഴുന്നെള്പിക്കാനുള്ള ഒരു അപൂർവ ഊർജ്യം ഉണ്ടായി വരുന്നതായി തോന്നും.
പക്ഷെ ഒളിത്താവളങ്ങൾ എപ്പോഴും ഇടനേരങ്ങൾ മാത്രമാണ്. ഇടനേരത്തെ ഒളിച്ചുകളി കഴിഞ്ഞാൽ മടങ്ങി പോകേണ്ടത് പരിചിതമായ ആ ഇരുട്ടിലേക്ക് തന്നെയാണ്. ആ ഇരുട്ടാണ് നമ്മുടെ എല്ലാവരുടെയും യഥാര്ത്യം. ഉള്ളിലെ ഏതോ താഴച്ചയിൽ തളം കെട്ടി കിടക്കുന്ന ആ ഇരുട്ട് എന്താണ്?
ജനിച്ചു വീണ നിമിഷങ്ങളിൽ അനുഭവിച്ച ആ ഭീതി, മരണം വരെ നമ്മെ പിന്തുടർന്ന്, എത്ര ശ്രമിച്ചാലും നമ്മുടെ ഉൾപ്രപഞ്ചത്തിൽ നിന്ന് വേർതിരിച്ചു അടർത്തി മാറ്റാൻ കഴിയാത്ത ആ നിശബ്ദമായ, സ്വയം വിമർശനാത്മകമായ ഏകാന്തത തന്നെയാണ് ആ ഇരുട്ട്.
ഒരു ഒളിത്താവളത്തിനും വെളിച്ചം വീശാൻ കഴിയാത്ത ഉള്ളിലെ ഏകാന്തമായ ആ ഇരുട്ടിൽ നിന്നും വീണ്ടും വീണ്ടും ഓടി മരയേണ്ട കാര്യം ഇല്ല. ആ ഏകാന്തത ഒരുതരത്തിൽ വളർച്ചയുടെ വിത്താണ്. നമ്മുടെ ഉള്ളിൽ ആഴത്തിൽ നട്ടു വെച്ചിരിക്കുന്ന ഒരു വിത്ത്. ചിന്തയാണ് ആ വിത്തിനു വളം, സ്വപ്‌നങ്ങൾ ആണ് ആ വിത്തിനു വെളിച്ചം, മൌനമാണ് ആ വിത്തിനു വായു.
ഉള്ളിലേ ഏകാന്തമായ ഇരുട്ട് തന്നെയാണ് ശാശ്വതമായ ഒളിത്താവളം. ആ ഇരുട്ട് ഒരു പുതപ്പു പോലെ ചേർത്ത് വെച്ച് നോക്കു, ആശ്വാസം കാലൊച്ചകൾ ഇല്ലാതെ മെല്ലെ വന്നടുക്കും. ഒരിക്കലും നിലയ്ക്കാത്ത, ശാശ്വതമായ ശാന്തിയുടെ നേർത്ത ഉറവ പോലെ.